നമ്മുടെ മലയാളം
ഗോപകുമാർ.വി.എസ്സ്
gopanvs@gmail.com
നമ്മുടെ മാതൃഭാഷയായ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിരിക്കുകയാണല്ലോ. ഈ അവസരത്തിൽ നമ്മുടെ സ്വന്തം ഭാഷയെക്കുറിച്ച് അടിസ്ഥാനപരമായ ചില
കാര്യങ്ങൾ നമുക്ക് ഓർക്കാം.
നാനാത്വത്തിൽ ഏകത്വം എന്ന അപൂർവഭാഗ്യം ലഭിച്ച ലോകത്തിലെ ഒരേയൊരു
രാജ്യമാണല്ലോ ഭാരതം. അനേകം ഭാഷകളും, വർണ്ണങ്ങളും, സംസ്കാരങ്ങളും,
വിഭവങ്ങളും എല്ലാമുണ്ടായിട്ടും അതിന്റെ സംഘർഷങ്ങളില്ലാതെ
ഏകഭാരതമെന്ന വികാരത്തിൽ നാം അഭിമാനത്തോടെ ജീവിക്കുന്നു. 1961ലെ സെൻസസ് പ്രകാരം ഭാരതത്തിൽ
ആയിരത്തി അറുന്നൂറിലധികം ഭാഷകൾ ഉപയോഗിച്ചു വന്നിരുന്നു. ഇതിൽ ഭൂരിപക്ഷവും ലിപികളില്ലാത്ത
സംസാരഭാഷകളോ, ദേവനാഗിരി പോലെ പൊതുവായ ലിപിവ്യവസ്ഥയെ
ആശ്രയിക്കുന്നവയോ ആണ്. ഭാരതത്തിലെ ഭാഷകളെ രണ്ട്
ഭാഷാഗോത്രങ്ല്ലായി ഭാഷാശാസ്ത്രജ്ഞർ ക്രമീകരിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ ഭാഷകളായ ഹിന്ദി,
സംസ്കൃതം, ഗുജറാത്തി, മറാത്തി,
ഒറിയ തുടങ്ങിയവയാണ് ഇൻഡോ-ആര്യൻ ഭാഷകൾ. മലയാളമുൾപ്പെടുന്ന ദക്ഷിണേന്ത്യൻ ഭാഷകൾ
ദ്രാവിഡഭാഷയുടെ ഗണത്തിലാണ്.
ഭാരതത്തിൽ
ശ്രേഷ്ഠഭാഷ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷയാണ് മലയാളം. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്.
പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. മലയാളം എന്ന പേര് മലകളും സമുദ്രവും
ഒത്തു ചേരുന്ന എന്ന അർത്ഥം ഉള്ള മല + ആളം (സമുദ്രം) എന്നീ ദ്രാവിഡ വാക്കുകൾ ചേർന്ന്
ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. മലയാളം എന്ന വാക്ക് (malayalam)ഇംഗ്ലീഷിൽ പാലിൻഡ്രോം വാക്കു കൂടിയാണ്. മല എന്ന പദവും ആൾ, ആളുക എന്ന നപുംസകപദവും
ചേർന്നും സന്ധിനിയമമനുസരിച്ച് വിടവടയ്ക്കാൻ യകാരം ചേർന്നുമാണ് മലയാളം ഉണ്ടായതെന്ന്
മലയാള ഭാഷയെക്കുറിച്ച് ആദ്യമായി സമഗ്ര പഠനം നടത്തിയ റവ: റോബർട്ട് കാർഡ്വൽ കരുതുന്നു.
മലയാൺമ, മലയായ്മ എന്നീ പദങ്ങളും ഇങ്ങനെ ആൺമൈ എന്നതിൽ നിന്നാണെന്ന് അദ്ദേഹം പറയുന്നു
തമിഴിൽ നിന്നും സംസ്കൃതത്തിൽ നിന്നും
ഉണ്ടായ ഭാഷയാണ് മലയാളം എന്നാണ് പൊതുവായ അഭിപ്രായം. ഇതനുസരിച്ച്
പ്രൊഫ. ഏ.ആർ. രാജരാജവർമ്മ കേരള ഭാഷയെ മൂന്നു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.
- ആദ്യഘട്ടം- ബാല്യാവസ്ഥ : കരിം തമിഴുകാലം (കൊല്ലവർഷം 1 മുതൽ 500 വരെ; എ.ഡി. 825-1325 വരെ)
- മദ്ധ്യഘട്ടം – കൗമാരാവസ്ഥ : മലയാണ്മക്കാലം (കൊല്ലവർഷം 500 മുതൽ 800 വരെ; എ.ഡി. 1325-1625 വരെ)
- അധുനികഘട്ടം - യൗവ്വനാവസ്ഥ : മലയാളകാലം (കൊല്ലവർഷം 800… മുതൽ എ.ഡി. 1625 മുതൽ)
ഭരണ-അദ്ധ്യയന ഭാഷയായി ഒരു കാലത്തു കേരളദേശത്ത് വ്യാപകമായി
ഉപയോഗിച്ചിരുന്ന തമിഴിന്റെ സ്വാധീനം മലയാളത്തിൽ കാണുന്നതു തികച്ചും സ്വാഭാവികമാണ്.
ഉത്തരഭാരതത്തിൽ നിന്നുള്ള ബ്രാഹ്മണകുടിയേറ്റങ്ങൾ വഴി ഭാഷയിൽ വ്യക്തമായ സ്വാധീനം ചെലുത്തുവാൻ ഇന്തോ-ആര്യൻ ഭാഷകൾക്കും, അറബ്, യൂറോപ്യൻ ദേശങ്ങളുമായിട്ടുള്ള കച്ചവടബന്ധങ്ങൾ വഴി അതത് ദേശത്തെ
ഭാഷകളും മലയാളഭാഷയിൽ പ്രകടമായ ചില പരിവർത്തനങ്ങൾ വരുത്തിയിട്ടുണ്ട്.
തുടർന്ന് വിവിധ വൈദേശിക ബന്ധങ്ങൾ വഴി വളരെയധികം വാക്കുകൾ
നമ്മുടെ ഭാഷയിലേയ്ക്ക് വന്നിട്ടുണ്ട്.
കാലാകാലങ്ങളിലൂടെയുള്ള ഉപയോഗത്തെത്തുടർന്ന് അവ നമ്മുടെ ഭാഷയുടെ തന്നെ
ഭാഗമായി മാറിയിട്ടുണ്ട്. തമിഴ് പോലുള്ള
ഭാഷകളിൽ നിന്ന് വ്യത്യസ്തമായി പല
അന്യഭാഷാപദങ്ങളും സംസാരത്തിനും എഴുത്തിനും മലയാളത്തിൽ ഇന്ന് ഉപയോഗിച്ച് പോരുന്നു.
നാമിന്ന് സാധാരണ ഉപയോഗിക്കുന്ന ഹാജർ, ഹർജി, വക്കീൽ, വക്കാലത്ത്, മുക്ത്യാർ, കരാർ,
സന്നത്, ഹജൂർ, ഖജനാവ്, അസ്സൽ, തഹസിൽദാർ, നക്കൽ, ആമീൻ തുടങ്ങിയ പദങ്ങൾ അറബിയിൽ
നിന്ന് വന്നതത്രേ. മസാലും, മാമൂലും
അലുവയും, ദല്ലാളുമൊക്കെ അറബികൾ തന്നെ.
രൊക്കം, തസ്തിക, നികുതി, മരാമത്ത്, ചക്കാത്ത്, ഇതുപോലെ തന്നെ
മലയാളപദങ്ങളെന്നു നാം അഭിമാനപൂർവ്വം പറയുന്ന പല വാക്കുകളും അന്യഭാഷകൾ സ്നേഹപൂർവ്വം
നമുക്കു സമ്മാനിച്ചവയാണ്.
പോർച്ചുഗീസുകാരുടെ സംഭാവനയാണ്
ചാക്ക്, അലമാര, മേശ, കസേര, ഇസ്തിരിപ്പെട്ടി, റാന്തൽ, പിഞ്ഞാണം, കോപ്പ
തുടങ്ങിയ വീട്ടുപകരണങ്ങളും ചീവുളി,
ത്രാസ്, ചെരുപ്പ്, ജന്നൽ, വരാന്ത, രസീത്, പട്ടയം, ബിഷപ്പ്, കൊന്ത, കുരിശ്, പാതിരി,
ആശുപത്രി, കപ്പിച്ചാൻ, മേസ്തിരി, ലേലം, വയലിൻ എന്തിന് നമ്മുടെ പ്രിയപ്പെട്ട
കരുവാട് (ഉണക്ക മീൻ) പോലും പോർച്ചുഗീസുകാരുടെ സംഭാവനയത്രേ.
ശബ്ദോച്ചാരണത്തിൽ നേരിയ വ്യത്യാസം വരുത്തിയാണത്രേ മലയാളം
അന്യഭാഷാ പദങ്ങൾ സ്വീകരിച്ചിരിക്കുന്നത്.
അതായത്, അന്യഭാഷാ പദങ്ങളും പ്രയോഗങ്ങളും നമ്മുടെ ഉച്ചാരണരീതിക്കു യോജിച്ച
തരത്തിലാക്കി. ഇക്കാര്യത്തിൽ അറബി, പേർഷ്യൻ, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് മുതലായ
ഭാഷകളോടെല്ലാം നാം കടപ്പെട്ടിരിക്കുന്നു.
ഭാഷയുടെ വികാസപരിണാമത്തിന് ഇത്തരം ഉൾക്കൊള്ളലുകൾ അത്യാവശ്യം തന്നെ. ചില ഉദാഹരണങ്ങൾ നോക്കാം….
വാക്ക്
|
മൂലഭാഷ
|
വിശദീകരണം
|
അസുഖം
|
സംസ്കൃതം
|
വേദനിക്കുന്ന എന്നർഥം
|
ആംബുലൻസ്
|
ലത്തീൻ
|
സൈന്യത്തിനു പിന്നാലെ പോകുന്ന ആശുപത്രി
|
ആയ
|
പോർച്ചുഗീസ്
|
പോറ്റമ്മ എന്ന് മലയാളത്തിൽ
|
കച്ചേരി
|
ഹിന്ദി
|
കച്‌ഹരി എന്നാൽ ഓഫീസ്
|
കരാർ
|
അറബി
|
അറബിയിൽ കറാർ
|
കാലി (ഒഴിഞ്ഞ)
|
അറബി
|
അറബിയിൽ ഖാലി
|
ഗുമസ്തൻ
|
പേർഷ്യൻ
|
‘ഗുമാശ്‌ത’ എന്ന് പേർഷ്യൻ ഉച്ചാരണം
|
ജില്ല
|
ഹിന്ദി
|
|
ജിലേബി
|
പേർഷ്യൻ
|
‘സിലേബാ’ എന്ന പേർഷ്യൻ
പദം
|
തപാൽ
|
മറാഠി
|
മലയാളത്തിലെ തപാൽ തന്നെയാണ് മറാഠിയിലും
|
തർജ്ജമ
|
അറബി
|
|
ദർഘാസ്
|
പേർഷ്യൻ
|
ഇംഗ്ലീഷിൽ tender
|
ധൂർത്ത്
|
സംസ്കൃതം
|
സംസ്കൃതത്തിൽ ധൂർത്ത
|
ബന്ദ്
|
സംസ്കൃതം / ഹിന്ദി
|
അടച്ചിടുക എന്നർഥം
|
മസാല
|
പേർഷ്യൻ
|
|
മേൽപറഞ്ഞതിൽ നിന്നും
എത്ര ശുദ്ധമായ മലയാളത്തിലെഴുതിയാലും അതിൽ
അന്യഭാഷാ പ്രയോഗങ്ങൾ കടന്നു വരുമെന്ന് മനസ്സിലായില്ലേ? ‘വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹൗസ് സർജന്മാർ
സെക്രട്ടേറിയറ്റ് പിക്കറ്റ് ചെയ്തു.
പോലീസ് ബാരിക്കേഡുകൾ കൊണ്ട് സുരക്ഷ തീർത്തു’ എന്ന വാചകത്തിൽ എത്ര ഭാഷകളിലെ
പദങ്ങൾ വന്നിട്ടുണ്ടെന്ന് കാണുക.
സ്കൂൾ വിദ്യാഭ്യാസം പോലും
ലഭിച്ചിട്ടില്ലാത്ത സാധാരണക്കാർ പോലും സംസാരഭാഷയിൽ എത്ര ഇംഗ്ലീഷ് പദങ്ങളാണെന്നോ
ഉപയോഗിക്കുന്നത്. ബ്ലൗസ്, പെറ്റിക്കോട്ട്,
നിക്കർ, ബനിയൻ, ഗ്രാസ്, ബക്കറ്റ്, ലോക്കറ്റ്, വാച്ച്, ബട്ടൺ, പൗഡർ, സ്വിച്ച്,
കണക്ഷൻ, ലൈറ്റ്, റേഡിയോ, ബൾബ്, ബാറ്ററി തുടങ്ങി
പല പദങ്ങൾക്കും സമാനമായ ശുദ്ധമലയാള പദം കണ്ടെത്തുക അസാധ്യം തന്നെ.
ഇനി നമുക്ക് മലയാള
ഭാഷയെക്കുറിച്ച് അൽപം കാര്യങ്ങൾ നോക്കാം.
ദക്ഷിണേന്ത്യൻ ഭാഷകൾക്ക് ദ്രാവിഡം എന്ന പേരു നൽകിയത്, ഭാഷയെക്കുറിച്ച്
ആദ്യമായി പഠനം നടത്തിയ ഡോ.കാൽഡ്വൽ ആണ്.
ദ്രാവിഡ ഭാഷകളിൽ ഏറ്റവും
പ്രാചീനമായത് തമിഴാണ്.
മൂലദ്രാവിഡഭാഷയിൽ നിന്ന് അവസാനമായി വേർതിരിഞ്ഞ ഭാഷ മലയാളമാണ്.
ഇരുപത്തിയൊന്ന് ദ്രാവിഡഭാഷകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പദ്യം ഇങ്ങനെ….
‘ബ്രാഹുയി,
കുറുവും മാൽത്തോ;
കൊലാമി,
നൈകി, പർജിയും
കുയി,
കൊണ്ട, കുവീ, മണ്ട
പെംഗോ,
ഗദമ്പ, ഗോണ്ഡിയും
തെലുങ്കും
തുളുവും തോദ,
കോതയും
കൊടകും തമിഴ്
കന്നടം,
മലയാളം, മൂ-
വേഴാം ദ്രാവിഡഭാഷകൾ’
അക്ഷരമാല
മലയാള
അക്ഷരമാലയിൽ സ്വരങ്ങൾ, വ്യഞ്ജനങ്ങൾ എന്നു രണ്ട്
വിഭാഗങ്ങൾ ഉണ്ട്.
സ്വരങ്ങൾ
സ്വയം
ഉച്ചാരണക്ഷമമായ അക്ഷരങ്ങളാണ് സ്വരങ്ങൾ.
സ്വരാക്ഷരങ്ങൾ ഉച്ചരിക്കുവാൻ എടുക്കുന്ന സമയത്തെ ‘മാത്ര’ എന്നു
പറയുന്നു. ഒരു മാത്ര കൊണ്ട് ഉച്ചരിക്കുന്ന
സ്വരം ഹ്രസ്വം, രണ്ടു മാത്ര കൊണ്ട് ഉച്ചരിക്കുന്ന സ്വരം ദീർഘം.
സ്വരാക്ഷരങ്ങൾ
|
|
ഹ്രസ്വം
|
ദീർഘം
|
അ
|
ആ
|
ഇ
|
ഈ
|
ഉ
|
ഊ
|
ഋ
|
|
എ
|
ഏ, ഐ
|
ഒ
|
ഓ, ഔ
|
അ ആ ഇ ഈ ഉ
ഊ ഋ ൠ ഌ ൡ എ ഏ ഐ ഒ ഓ ഔ അം അഃ എന്നിവയാണ്
സ്വരാക്ഷരങ്ങൾ. കാലക്രമം കൊണ്ട് ഉപയോഗം കുറഞ്ഞ സ്വരങ്ങളാണ് ൠ, ഌ, ൡ തുടങ്ങിയവ.
വ്യഞ്ജനങ്ങൾ
സ്വരസഹായത്തോടെ
ഉച്ചരിക്കുന്ന അക്ഷരങ്ങളാണ് വ്യഞ്ജനാക്ഷരങ്ങൾ.
ഉച്ചരിക്കുമ്പോൾ ധ്വനി പുറപ്പെടുന്ന സ്ഥാനത്തെ ആധാരമാക്കി
വ്യഞ്ജനാക്ഷരങ്ങളെ കാണ്ഠ്യം, താലവ്യം,
മൂർധന്യം, ദന്ത്യം, ഓഷ്ഠ്യം എന്നിങ്ങനെ തിരിക്കുന്നു. ‘ക’ മുതൽ ‘പ’ വരെയുള്ള ഒന്നാമത്തെ വിഭാഗം
വ്യഞ്ജനങ്ങളെ ഖരാക്ഷരങ്ങളെന്നും തുടർന്ന് രണ്ടും മൂന്നും നാലും അഞ്ചും വിഭാഗങ്ങളെ
യഥാക്രമം അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നും അറിയപ്പെടുന്നു. താഴെ കാണുന്ന പട്ടിക ഇത് കൂടുതൽ വ്യക്തമാക്കും.
|
ഖരം
|
അതിഖരം
|
മൃദു
|
ഘോഷം
|
അനുനാസികം
|
|
കവർഗം
|
ക
|
ഖ
|
ഗ
|
ഘ
|
ങ
|
കാണ്ഠ്യം
|
ചവർഗം
|
ച
|
ഛ
|
ജ
|
ഝ
|
ഞ
|
താലവ്യം
|
ടവർഗം
|
ട
|
ഠ
|
ഡ
|
ഢ
|
ണ
|
മൂർധന്യം
|
തവർഗം
|
ത
|
ഥ
|
ദ
|
ധ
|
ന
|
ദന്ത്യം
|
പവർഗം
|
പ
|
ഫ
|
ബ
|
ഭ
|
മ
|
ഓഷ്ഠ്യം
|
|
|
|
|
|
|
|
|
യ
|
ര
|
ല
|
വ
|
മധ്യമങ്ങൾ
|
|
|
ശ
|
ഷ
|
സ
|
|
ഊഷ്മാക്കൾ
|
|
|
ഹ
|
|
|
|
ഘോഷി
|
|
|
ള
|
ഴ
|
റ
|
|
ദ്രാവിഡമധ്യമങ്ങൾ
|
വർണ്ണവും അക്ഷരവും
പിരിക്കുവാൻ കഴിയാത്ത ഏറ്റവും
ചെറിയ ധ്വനിയാണ് വർണ്ണം. സ്വരങ്ങളും സ്വരം ചേർന്ന വ്യഞ്ജനങ്ങളും ആണ് അക്ഷരങ്ങൾ. സ്വരങ്ങൾ
ഒരേസമയം വർണ്ണങ്ങളും അക്ഷരങ്ങളുമാകുന്നു.
വർണ്ണം
|
+
|
സ്വരം
|
=
|
അക്ഷരം
|
അ
|
|
|
=
|
അ
|
പ്
|
+
|
അ
|
=
|
പ
|
ക്
|
+
|
ഉ
|
=
|
കു
|
ച്
|
+
|
ഓ
|
=
|
ചോ
|
ദ്
|
+
|
ഐ
|
=
|
ദൈ
|
ത്
|
+
|
ഇ
|
=
|
തി
|
ചില്ലുകൾ
സ്വരസഹായമില്ലാതെ
സ്വതന്ത്രമായി നിൽക്കുന്ന വ്യഞ്ജനങ്ങളാണ് ചില്ലുകൾ. ർ, ൾ, ൽ, ൺ, ൻ എന്നിവയാണ്
ചില്ലുകൾ. സ്വരസഹായമില്ലാതെ
ഉച്ചരിക്കാവുന്നതിനാൽ ചില്ലുകൾ സ്വരീകൃത വ്യഞ്ജനങ്ങൾ എന്നറിയപ്പെടുന്നു.
ചുട്ടെഴുത്ത്
ചൂണ്ടുന്ന എഴുത്ത് =
ചുട്ടെഴുത്ത് എന്നർഥം. ചൂണ്ടിപ്പറയുവാൻ
ഉപയോഗിക്കുന്ന സർവനാമങ്ങളായ
(മൂലസ്വരങ്ങളായ) അ, ഇ, എ എന്നിവയാണ് മലയാളത്തിലെ ചുട്ടെഴുത്തുകൾ. ‘അ’ അകലെയുള്ളതിനെയും ‘ഇ’ സമീപമുള്ളതിനെയും
പരാമർശിക്കുന്നു. ‘എ’ ചോദ്യപരാമർശിയാണ്.
ഭാഷയുലെ അടിസ്ഥാനപരമായ ചില
വസ്തുതകളാണ് ഇവിടെ പറഞ്ഞത്. നാമം, ക്രിയ,
ഭേദകം, കൃത്ത്, തദ്ധിതം, ശബ്ദം, പദം, പ്രകാരം, സന്ധി, സമാസം, വിഭക്തി, തത്‌സമം,
തത്‌ഭവം, വാക്യം, ചിഹ്നനം, ചമൽക്കാരം,
വൃത്തം, അലങ്കാരം തുടങ്ങി അനവധി കാര്യങ്ങൾ രസകരമായി
പരാമർശിക്കാവുന്നവയാണ്. സ്ഥലപരിമിതിയും, ഈ
പുസ്തകത്തിന്റെ ഉദ്ദ്യേശ്യവും പരിഗണിച്ച് അവയിലേയ്ക്ക് ഇപ്പോൾ കടക്കുന്നില്ല.
ഉച്ചാരണം
ഭാഷയിൽ ഉച്ചാരണം
പരമപ്രധാനമാണ്. ഇന്നത്തെ കാലഘട്ടത്തിൽ
ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലെ അവതാരകർ പലരും ഭാഷയെ തെറ്റായി, വികൃതമായി ഉച്ചരിച്ച്
നശിപ്പിക്കുന്നു. സ്വരാക്ഷരങ്ങൾ
ഉച്ചരിക്കുമ്പോൾ വലിയ പിഴവുകൾ ഒന്നും വരാറില്ല.
വ്യഞ്ജനാക്ഷരങ്ങളുടെ ശരിയായ ഉച്ചാരണം ശീലിക്കാൻ വളരെ എളുപ്പവുമാണ്. നഖം എന്ന പദത്തിലെ ‘ഖ’യും ഘടികാരം എന്നതിലെ ‘ഘ’യും
ഒരുപോലെയല്ല ഉച്ചരിക്കേണ്ടത്. അതുപോലെ
തന്നെ ‘ഛായ’യിലെ ‘ഛ’ യും ‘ഝാൻസി’ യിലെ ‘ഝ’യും.
വ്യഞ്ജനാക്ഷരങ്ങളെ ‘ഖരം’, ‘അതിഖരം’, ‘മൃദു’, ‘ഘോഷം’, ‘അനുനാസികം’
എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത് കണ്ടില്ലേ? സാധാരണയായി അതിഖരങ്ങളുടെയും
ഘോഷങ്ങളുടെയും ഉച്ചാരണത്തിലാണ് നമുക്ക് പിഴവ് സംഭവിക്കുന്നത്. ഉച്ചാരണം ശരിയായി ശീലിക്കേണ്ടത് ഇങ്ങനെ; എല്ലാ
ഖരാക്ഷരങ്ങളുടെയും കൂടെ ‘ഹ്’ എന്ന് ചേർത്തുച്ചരിച്ചാൽ അതേ വർഗത്തിലെ അതിഖരം
കിട്ടും. അതുപോലെ തന്നെ എല്ലാ മൃദുക്കളുടെയും കൂടെ ‘ഹ്’ എന്ന്
ചേർത്തുച്ചരിച്ചാൽ അതേ വർഗത്തിലെ ഘോഷം കിട്ടും.
അതായത് നഖം എന്നത് ന+(ക്+ഹ്+അം) എന്നും ഘടികാരം എന്നത് (ഗ്+ഹ്+അ)+ടികാരം
എന്നുമാണ് ഉച്ചരിക്കേണ്ടത്. അതുപോലെ ഛായ
എന്നത് (ച്+ഹ്+ആ)+യ എന്നും ഝാൻസി എന്നത് (ജ്+ഹ്+ആ)ൻസി എന്നുമാണ് ഉച്ചരിക്കേണ്ടത്.
താഴെ കാണുന്ന പട്ടിക ഇതിന് വ്യക്തമായ സഹായം നൽകും.
ഖരം
|
+ ഹ =
|
അതിഖരം
|
|
മൃദു
|
+ ഹ =
|
ഘോഷം
|
|
അനുനാസികം
|
ക
|
+ ഹ =
|
ഖ
|
|
ഗ
|
+ ഹ =
|
ഘ
|
|
ങ
|
ച
|
+ ഹ =
|
ഛ
|
|
ജ
|
+ ഹ =
|
ഝ
|
|
ഞ
|
ട
|
+ ഹ =
|
ഠ
|
|
ഡ
|
+ ഹ =
|
ഢ
|
|
ണ
|
ത
|
+ ഹ =
|
ഥ
|
|
ദ
|
+ ഹ =
|
ധ
|
|
ന
|
പ
|
+ ഹ =
|
ഫ
|
|
ബ
|
+ ഹ =
|
ഭ
|
|
മ
|
ഏതൊരു ഭാഷയുടെയും
വികാസത്തിന് വേണ്ടത് ആ ഭാഷയിലെ ആശയവിനിമയം പരമാവധി വർദ്ധിപ്പിക്കലാണ്. സംസാരത്തിലും എഴുത്തുകളിലും സാഹിത്യ രചനകളിലും സ്വന്തം
ഭാഷ ഉപയോഗിച്ചാലേ ഭാഷ വികസിക്കുകയുള്ളൂ. ഇന്നത്തെ
ലോകത്ത് ആശയവിനിമയം പ്രധാനമായും ഇന്റർനെറ്റിലൂടെയും ദൃശ്യ – ശ്രവ്യ മാധ്യമങ്ങളിലൂടെയുമാണ്. തപാലിലൂടെയുള്ള കത്തെഴുത്തും, അച്ചടിച്ച സാഹിത്യവും
ഇന്ന് ഇന്റർനെറ്റിന് പതുക്കെപ്പതുക്കെ വഴിമാറുകയാണോ എന്ന് ആശങ്കപ്പെടേണ്ടി വരുന്നു. ഇന്റർനെറ്റിൽ
നമ്മുടെ ഭാഷ ഉപയോഗിക്കുന്നതിൽ പ്രധാന പരിമിതി മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള
പരിമിതിയായിരുന്നു. എന്നാൽ ‘യൂണിക്കോഡ്’ എന്ന
സാങ്കേതികവിദ്യയുടെ ആവീർഭാവത്തോടെ നമ്മുടെ മലയാളം ഇന്റർനെറ്റിനും ആയാസരഹിതമായ ടൈപ്പിംഗിനും
ഇന്ന് നന്നായി വഴങ്ങുന്നു.